നിറങ്ങള്‍

ശിവനമ്പലത്തിന്‍റെ കിഴക്കേ നിരത്തില്‍ അട്ടിയടുക്കിയിരിക്കുന്നതില്‍ മൂന്നാമത്തെ കട ഗോവിന്ദപ്പണിക്കരുടേതാണ്. അവിടെ വില്‍പ്പനയ്ക്ക് വരുന്ന ഓറഞ്ചുകള്‍ കടയ്ക്ക് പുറത്തേക്ക് ഒരു നാവുപോലെ നീണ്ടുനില്‍ക്കുന്ന തട്ടില്‍ മനോഹരമായി അടുക്കി വയ്ക്കാറുണ്ട്.

എല്ലാ ഗ്രൂപ്പ് ഫോട്ടോകളും എന്നെ ഓര്‍മ്മപ്പെടുത്തുന്ന ദൃശ്യമാണിത്. ഇതാ ഇവിടെ ഈ ചിത്രത്തില്‍ മുകളിലത്തെ നിരയില്‍ ആദ്യ ഓറഞ്ച് രഘുനാഥ്, രണ്ടാമത്തേത്‌ ശരത്, മൂന്നാമത്തേത്‌... , നടുവിലത്തെ നിരയില്‍ .... , താഴെ ഇരിക്കുന്നതില്‍ ആദ്യത്തേത് ഞാന്‍ , രണ്ടാമത്തേത്‌ രമ്യ, .... പന്ത്രണ്ടാമത് ഗീതാനന്ദ്. പതിമൂന്നാമത് .... അയാളെ ഒരു തരത്തിലും ഓറഞ്ചിനോട്‌ ഉപമിക്കാനാവുന്നില്ല. ... സപ്പോട്ടക്കായ. അല്ല.. മുന്തിരിങ്ങ. പഴുത്ത് തുടുത്ത കറുത്ത മുന്തിരിങ്ങ. ഓറഞ്ചുകള്‍ക്കിടയില്‍ അവന്‍ വേറിട്ടു നില്‍ക്കുന്നു.

പഴങ്ങളില്‍ എനിക്കിഷ്ടം മുന്തിരിങ്ങയാണ്; കാക്കക്കറുപ്പുള്ള തുടുത്ത മുന്തിരിങ്ങ.

കറുപ്പ്; നിറങ്ങളുടെ രാജാവ്. എല്ലാ നിറങ്ങളെയും ഏതു താപത്തേയും ആഗിരണം ചെയ്യുന്ന നിറം. ആരോഗ്യത്തിന്‍റെ, വ്യക്തതയുടെ നിറം. അതുകൊണ്ട് പ്രസരിപ്പുള്ള ഗോതമ്പിന്റെ നിറമുള്ള ഞാന്‍ , ഈ സീമ, അമാവാസിയുടെ നിറമുള്ള മഹേഷിനെ ഇഷ്ടപ്പെടുന്നതിന് ന്യായീകരണങ്ങളുണ്ട്.  ഇനിയും വിശദീകരണങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍, എന്‍റെ ഇഷ്ടദൈവത്തിന്‍റെ ഔന്നത്യമുള്ള നിറത്തെ എന്തുകൊണ്ട് എനിക്ക് ഇഷ്ടപെട്ടുകൂടാ?. അവന്റെ കൃഷ്ണവര്‍ണ്ണത്തെ?

അവനൊരു ചിത്രകാരനാണ്. ഞാന്‍ പണിയെടുക്കുന്നത് അവനോടൊപ്പമാണ്. വര്‍ണ്ണങ്ങള്‍ കൊണ്ട് കവിതകളെഴുതുമ്പോള്‍ അദൃശ്യമായ എന്തോ ഒന്ന് അവന്റെ അബോധമണ്ഡലത്തില്‍ ചുരമാന്തുന്നു. കാന്‍വാസില്‍ വിരിയുന്ന രൂപങ്ങളില്‍ നിന്നും ഇരുട്ടിന്‍റെ നിഴല്‍പ്പാടുകള്‍ അവന്‍ ഒഴിവാക്കുന്നു. എന്‍റെ പ്രിയപ്പെട്ട നിറത്തോട് അവന്‍ നിഷേധം കാട്ടുന്നു. കാരണം, അത് അവന്റെ നിറമാണ്.

ഞാന്‍ മഹേഷിനെ ഇഷ്ടപ്പെട്ടത് അവന്‍ കറുത്തതായത് കൊണ്ടാണോ? ഞാന്‍ കറുപ്പിനെ ഇഷ്ടപ്പെട്ടത് അത് മഹേഷിന്റെ നിറമായത് കൊണ്ടാണോ? ഉത്തരങ്ങള്‍ എന്തൊക്കെയായാലും. എനിക്ക് രണ്ടും ഇഷ്ടം തന്നെ, മഹേഷിനെയും, കറുപ്പിനെയും.

ഗോതമ്പിന്റെ നിറമെന്താണ്? വെളുപ്പോ? ക്രീമോ? മഞ്ഞയോ? രണ്ടും കെട്ട ഒരു നിറമാണത്. വിളര്‍ച്ചയുടെ നിറം. എനിക്ക് ഗോതമ്പിന്റെ നിറമാണെന്ന് പലരും പറയുന്നു. മഹേഷ്‌ പറയും: "പുരുഷന് ഏറെ ഇഷ്ടമുള്ള നിറമാണ് നിന്റേത്." പഞ്ചാബി സ്ത്രീകള്‍ക്ക് ആ നിറമാണത്രേ. മഹേഷ്‌ വരയ്ക്കുന്നതിലെല്ലാം ആ നിറം പരന്നു കിടക്കും. എനിക്കിഷ്ടമല്ല; ഗോതമ്പിന്റെ രണ്ടും കെട്ട നിറം. മഹേഷിന്റെ നിറം എന്തു രസമാണ്. എണ്ണക്കറുപ്പ്.

ഞങ്ങളുടെ പ്രിയങ്ങള്‍ വ്യതിരിക്തങ്ങളാകുന്നത് ഇവിടെ മാത്രമാണ്. ഒരാള്‍ക്ക് കറുപ്പിന്റെ വ്യത്യസ്തതകള്‍ ഇഷ്ടം. മറ്റേയാള്‍ക്ക് വെളുപ്പിന്റെ വ്യത്യസ്തതകളും. ഒന്ന് വലത്തേ വണ്ടിച്ചക്രം. മറ്റേത് ഇടത്തേത്.

വെളുപ്പിന്റെ വകഭേദങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഭ്രാന്തമായ അഭിരുചിയായിരുന്നു മഹേഷിന്റെ തിരഞ്ഞെടുക്കലുകളില്‍ നിറഞ്ഞു നിന്നത്. അതേ ഭാവത്തോടെയാണ് അവന്‍ എന്നെയും തിരഞ്ഞെടുത്തതെന്നുറപ്പ്.

"സീമാ, നിന്റെ നിറത്തിന്റെ ചായങ്ങളാണ് എന്‍റെ ബ്രഷിലിപ്പോള്‍ കൂടുതല്‍ പടര്‍ന്നു കയറുന്നത്. ഇപ്പോഴും അതെന്റെ അടുത്തുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു."

കുസൃതിയോടെയാണ്  ഞാനെന്തും തുടങ്ങി വയ്ക്കുക. ഇതും. "നോക്കൂ, നമ്മുടെ നിറങ്ങള്‍ വിപരീതങ്ങളാണ്. വിപരീത നിറങ്ങളുടെ കലര്‍പ്പുകള്‍ കൂടുതല്‍ ഹൃദയസ്പര്‍ശിയാണ്. ചിത്രങ്ങളില്‍ ഒഴിവാക്കാന്‍ വയ്യാത്ത മഹേഷിന്റെ നിറത്തോട് എനിക്കിഷ്ടമേറും."

മഹേഷിന്റെ  കണ്ണുകളില്‍ ഞാന്‍ കണ്ട തിളക്കം എന്‍റെ നിറം പ്രതിഫലിച്ചതായിരുന്നില്ല. അവന്‍ ചിരിച്ചു; മനോഹരമായി.

ഏറെ അടുക്കുംതോറും മഹേഷിന്റെ മനസ്സില്‍ ഉടക്കി നിന്നിരുന്ന, വളര്‍ന്നു കൊണ്ടിരുന്ന ഒരു  കള്ളിമുള്‍ച്ചെടി എനിക്ക് കാണാറായി. അവന്റെ ചായപ്പെട്ടിയില്‍ ഏറ്റവും കുറച്ച് ഉപയോഗിച്ച നിറം കറുപ്പായിരുന്നു. നിഴലില്ലാത്ത രൂപങ്ങളായിരുന്നു; അവന്റെ ചിത്രങ്ങള്‍ നിറയെ.

ശിവനമ്പലത്തിനടുത്ത്‌ പുതുതായി ആരംഭിച്ച ഇന്ത്യന്‍ കോഫീ ഹൌസിലെ മാര്‍ബിള്‍ മേശയ്ക്കിരുപുറമിരുന്ന് ഞങ്ങള്‍ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. കറുത്ത മേശപ്പുറത്ത് കിലുങ്ങുന്ന ശബ്ദത്തോടെ ചായക്കോപ്പ വച്ച് അവന്‍ തുടര്‍ന്നു. " ദൌര്‍ഭാഗ്യത്തിന്റെ നിറമാണല്ലേ; കറുപ്പ്? മൂകതയുടെ..., മരണത്തിന്റെ..., രൌദ്രതയുടെ..., ദുര്‍വിധിയുടെ നിറം! പൈശാചികത കലര്‍ന്ന അധര്‍മ്മത്തിന്റെ നിറം!"

അവന്റെ വിരലുകളിലെ ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നത് എനിക്ക് കാണാമായിരുന്നു. അത് നോക്കിയിരിക്കേ എന്നില്‍ എന്തെന്നില്ലാത്ത ഭീതി ഇരച്ചു കയറി. അവന്റെ വാക്കുകളിലെ ദൃഢതയ്ക്കുള്ളിലേക്ക് നുഴഞ്ഞ് ഞാനവനെ തടസ്സപ്പെടുത്തി. "കറുപ്പ് കരുത്തിന്റെ നിറമാണ്. പോരാത്തതിന് ഗുരുവായൂരപ്പനും  കറുത്തിട്ടാണ്."

അവന്‍ ഇമകള്‍ ചിമ്മി, എന്‍റെ കൈകളിലെ വെളുപ്പിലേക്ക് നോക്കി. "നീ കളിയാക്കുകയാണ്. എനിക്കറിയാം. നിന്റേത് നന്മയുടെ നിരമാണല്ലോ..? പരിശുദ്ധിയുടെ..., സമാധാനത്തിന്റെ നിറമാണല്ലോ? നിറുത്തണ്ട, പറഞ്ഞോളൂ. നീ മാത്രമെന്തിന് മാറി നില്‍ക്കുന്നു?."

ഒന്നോ രണ്ടോ കവിള്‍ മാത്രം കുടിച്ച ചായക്കോപ്പ ബാക്കിയാക്കി മഹേഷ്‌ എഴുന്നേറ്റു. അവനാകെ പരവശനായിരുന്നു. മനസ്സില്‍ ഇനിയും അടങ്ങിയിട്ടില്ലാത്ത ഭീതി മുന്‍നിര്‍ത്തി ഞാന്‍ ചോദിച്ചു: "എന്താ മഹേഷ്‌? എന്താ പ്രശ്നം."

അടുത്ത  മേശകളിലേക്ക് കണ്ണുപായിച്ച്, കുനിഞ്ഞ്, അതേ ദൃഢതയോടെ മഹേഷ്‌ പറഞ്ഞു.: "ഞാന്‍ കറുത്തിട്ടാണ്. എന്‍റെ കുറ്റം കൊണ്ടൊന്നുമല്ല. അങ്ങിനെയായിപ്പോയി. നിനക്കെന്താ അറപ്പ് തോന്നുന്നുണ്ടോ?"

ആ വാക്കുകളില്‍ കോപത്തേക്കാള്‍ ഏറെ നൊമ്പരമായിരുന്നു. അമ്പരപ്പായിരുന്നു മനസ്സിലെങ്കിലും, കുറച്ച് ബലം പ്രയോഗിച്ച് മഹേഷിനെ ഞാന്‍ തിരികെ സീറ്റിലിരുത്തി.

"ആരാ ഇതൊക്കെ മഹേഷിനോട് പറഞ്ഞത്‌? ഞാനങ്ങനെ പറഞ്ഞോ? അരുതാത്തത് ചിന്തിക്കാതെ മഹേഷ്‌. ഞാന്‍ പറഞ്ഞിട്ടില്ലേ? നിന്റെ നിറം കൃഷ്ണന്റെ നിറമാണ്. അതെനിക്കിഷ്ടമാണെന്ന്."

സീറ്റിലിരുന്ന് തല കുമ്പിട്ട് അവന്‍ പറഞ്ഞു.: "ഞാനതിന് കൃഷ്ണനല്ലല്ലോ കുട്ടീ.."

പുരുഷന്‍മാര്‍ സങ്കടപ്പെടുന്നത് കാണാന്‍ രസമാണ്. അതിങ്ങനെ വളരെ അപൂര്‍വമാണെന്നു കേട്ടിട്ടുണ്ട്. ഉള്ളിന്റെ ഉള്ളില്‍ പുരുഷന്മാരൊക്കെ മൃദുലരാണെനാണ് എനിക്ക് തോന്നിയിട്ടുള്ളത്. സങ്കടത്തിന് പെട്ടെന്ന് വശം വദരാകാന്‍ അവര്‍ക്ക് കഴിയാത്തതെന്താണ്? മറച്ചുവയ്ക്കലുകളിലൂടെയും കബളിപ്പിക്കലുകളിലൂടെയും കുതിച്ചുചാടുന്ന ദുരൂഹമായ പെണ്ണിന്റെ മനസ്സ്‌ പെട്ടന്ന് ദുര്‍ബലമാകുന്നതെന്താണ്? ആര്‍ക്കറിയാം! സൃഷ്ടിയുടെ രസകരമായ വൈചിത്ര്യങ്ങള്‍ക്ക് അര്‍ഥം തിരഞ്ഞു പോകുന്നത് പ്രയാസമാണ്.

മഹേഷ്‌ സങ്കടപ്പെട്ടപ്പോള്‍ അവന്റെ മൂക്ക് വിറച്ചു. മുഖം തുടുത്ത് വിയര്‍ത്തു. എന്തൊക്കെയോ പുലമ്പിക്കൊണ്ട് കൈകള്‍ കൊണ്ട് അവന്‍ മുഖം തിരുമ്മി.

"ബാല്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ ഓര്‍മ്മ വരുന്നത് ഇരട്ടപ്പേരുകളാണ്. കറുമ്പന്‍ , ഇരുട്ട്, കാട്ടുമാക്കാന്‍ .... അങ്ങനെയൊത്തിരി. അമ്മക്ക് പ്രിയപ്പെട്ട പേര് കാട്ടുമാക്കാനെന്നാണ്. അമ്മയെന്നാല്‍ പെറ്റമ്മ തന്നെ. അവര്‍ പ്രസവിച്ചതില്‍ എന്‍റെ തൊലിക്കേ നിറം തിരിഞ്ഞുള്ളൂ. കൂരിരുട്ടിന്റെ നിറം കൂടപ്പിറപ്പുകളൊക്കെ വെളുത്തവര്‍. നിറങ്ങളുടെ ഭേദങ്ങളറിയാറായപ്പോള്‍ കളിക്കാന്‍ കൂട്ടാതായി. വിളികളൊക്കെ വികൃതമായ ശബ്ദങ്ങളായപ്പോള്‍ ഒറ്റക്കായി; നാട്ടിലും വീട്ടിലും. പിന്നെയും മുതിര്‍ന്നപ്പോള്‍ നാട്ടുകാരുടെ പിറുപിറുക്കലുകള്‍ കാതില്‍ കേട്ടു പൊള്ളി 'വെളുത്തവര്‍ക്കിടയില്‍ ഒരു കറുമ്പന്‍ . തീര്‍ച്ചയായും അവന്റെ അച്ഛന്‍ രണ്ടാമതൊരാളാണ്.' കൂടുതല്‍ കേള്‍ക്കുന്നതിനും അറിയുന്നതിനും മുമ്പേ ചിറകുകള്‍ വീശി പറന്നു..."

മാര്‍ബിള്‍ മേശപ്പുറത്ത് കൈമുട്ടുകളൂന്നി മഹേഷ്‌ പറഞ്ഞതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്. മഹേഷിന്റെ ജന്മ വാസന ഗുണം ചെയ്തു. ചിത്രം വര. ആശ്രയം തേടി നടക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മഹേഷിന് ഒരഭയം കിട്ടി. ചിത്രാ ഗ്രാഫിക് ആര്‍ട്സില്‍ ഞങ്ങള്‍ക്കിടയിലേക്ക് മഹേഷ്‌ എത്തിപ്പെട്ടു. മഹേഷിന്റെ ചിത്രങ്ങള്‍ ശേഷിച്ചവര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയം ആയിരുന്നു. കറുപ്പിന്റെ സാന്ദ്രത കുറഞ്ഞ ചിത്രങ്ങള്‍.

പുരുഷനില്‍ അപകര്‍ഷത വളര്‍ത്താന്‍ എളുപ്പം കഴിയുക സ്ത്രീക്കാണ്. വര്‍ണ്ണങ്ങളുടെ മാസ്മര പ്രപഞ്ചത്തില്‍ നിന്നുകൊണ്ട് മഹേഷും മോഹിച്ചു.

"കരിമ്പൂതം!. കേരളത്തിലെ വനങ്ങളില്‍ കാട്ടുജാതി സ്ത്രീകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. ചെല്ല്. പറ്റിയ ഒന്നിനെ കിട്ടും." മഹേഷിന്റെ മസ്തിഷ്കത്തിനേറ്റ ഏറ്റവും വലിയ ആഘാതം അതായിരുന്നിരിക്കണം.

കടല്‍ത്തീരത്തെ ശക്തിയായ കാറ്റേറ്റ്‌ എന്‍റെ മടിയില്‍ തല വച്ച്‌ കിടന്ന് സംസാരിക്കുമ്പോള്‍ മഹേഷിന്റെ വാക്കുകള്‍ ചിലപ്പോളൊക്കെ ദുര്‍ബലമാകാറുണ്ടായിരുന്നു. അപ്പോള്‍ ഒരാശ്വാസം നല്‍കാനെന്ന പോലെ എന്‍റെ വിരലുകള്‍ അവന്റെ മുടിപ്പടര്‍പ്പില്‍ തിരച്ചില്‍ തുടരും. ഒപ്പം സ്വരത്തിലെ മുഴുവന്‍ സ്ഥായിയിലും നിറഞ്ഞു നില്‍ക്കുന്ന ആത്മാര്‍ഥതയോടെ ഞാന്‍ പറഞ്ഞു.: "അതിനെന്താ മഹേഷ്‌. നിന്റെ പ്രിയപ്പെട്ട സീമയ്ക്ക് പ്രിയപ്പെട്ടത് കറുപ്പല്ലേ? കറുപ്പിന് എഴഴകല്ലേ?"

അത് വിശ്വാസമാകാതെ, എന്‍റെ കൈകള്‍ കടന്നു പിടിച്ച് അവന്‍ പറഞ്ഞു.: "സീമയ്ക്ക് സത്യം പറയാനറിയില്ലേ? കറുപ്പിനെ ആര്‍ക്കും സ്നേഹിക്കാനാവില്ല കുട്ടീ. നീ സ്നേഹിക്കുന്നത് എന്നിലെ ചിത്രകാരനെയായിരിക്കും. നീ കണ്ടോളൂ. കറുപ്പിന്റെ ഛായ കലരാതെ ഞാനൊരു ചിത്രം വരയ്ക്കും."

"മഹേഷ്‌ ഒരു മഠയനാണ്. കറുപ്പില്ലാത്ത ചിത്രമോ? സാധ്യമല്ല. അങ്ങനെയൊരു ചിത്രത്തെ എനിക്ക് സ്നേഹിക്കനാവില്ല. കറുപ്പോളം എനിക്ക് പ്രിയപ്പെട്ടൊരു വര്‍ണ്ണമില്ല. മഹേഷിന്റെ എണ്ണമയമുള്ള കറുപ്പിനെ എനിക്കത്രക്കിഷ്ടമാണ്." ഇത് പറയുമ്പോള്‍ എന്‍റെ കൈകള്‍ മഹേഷിന്റെ കൈകളെ ഇറുകെപ്പിടിച്ചിരുന്നു.

ചിത്രാ  ഗ്രാഫിക് ആര്‍ട്സില്‍ കേരളപ്പിറവി ദിവസം മഹേഷിന്റെ പിറന്നാള്‍ സമ്മാനമായിരുന്നു ഞാന്‍ അണിഞ്ഞിരുന്നത്. വെളുത്ത സില്‍ക്കില്‍ തൊങ്ങലുകള്‍ തുന്നിയ വെളുത്ത ചുരിദാര്‍. എന്നെക്കണ്ട് സ്നേഹവായ്പ്പോടെ മഹേഷ്‌ പറഞ്ഞു.: "വെളുപ്പ്‌. മാലാഖമാരുടെ നിറം." ഒന്ന് ചിരിക്കാനൊരുങ്ങും മുമ്പേ അവന്‍ കൂട്ടിച്ചേര്‍ത്തു. " ഇത്രയ്ക്കല്ലെങ്കിലും എനിക്കും കുറച്ച് വെളുക്കാനായെങ്കില്‍...!"

പിന്നീട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് നില്‍ക്കും മുമ്പ് മഹേഷ്‌ അടുത്തുവന്ന് മന്ത്രിച്ചു. "സീമയ്ക്കറിയുമോ, ഞാനിതുവരെ ഫോട്ടോ എടുത്തിട്ടില്ല. ദിവസവും മുഖക്കണ്ണാടിയില്‍ കാണുന്നതൊക്കെ പകര്‍ത്തി സൂക്ഷിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല. ഇത് നിനക്ക് വേണ്ടിയാണ്. ജീവിതത്തില്‍ ആദ്യം."

പിന്നീടുള്ള അവന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു വിഭ്രാന്തമായ മനസ്സിന്റെ നിഴല്‍ ഞാന്‍ കണ്ടുതുടങ്ങി. മനസ്സിനെ മുറിവേല്പ്പിച്ച് ചോര പൊടിയിക്കാന്‍ വരെ ത്രാണിയുണ്ടായിരുന്നു അവന്റെ വാക്കുകള്‍ക്ക്.

"നീ നോക്ക്, ദൂരത്തു നിന്ന് കണ്ടാല്‍ നിനക്കെന്റെ തൊലിയും മുടിയും വേര്‍തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ? സത്യം പറയണം." ശക്തിയായ കാറ്റില്‍പ്പെട്ട് പാറിപ്പറക്കുന്ന മുടി ഒതുക്കാതെ തീഷ്ണമായ ദൃഷ്ടിയോടെ അവന്‍ തിരക്കി. അവിടെ വീണ്ടും തുടരാന്‍ എനിക്ക് കഴിഞ്ഞില്ല. മണല്‍ത്തിട്ടയില്‍ നിന്നും എഴുന്നേറ്റ് അവന്റെ കൈ പിടിച്ച് ഞാന്‍ വലിച്ചെഴുന്നേല്പ്പിച്ചു. "വാ പോകാം."

"നീയെന്താ മറുപടി പറയാത്തത്?" ഒരു വല്ലാത്ത കിതപ്പോടെഅവന്‍ വീണ്ടും തിരക്കുന്നു. "മറുപടി അര്‍ഹിക്കുന്നത് വല്ലതും ചോദിക്കണം."

എന്‍റെ മറുപടിയില്‍ തൃപ്തനാവാതെ മഹേഷ്‌ ആടിയുലഞ്ഞു. ഒരു വിധത്തില്‍ പിടിച്ചുവലിച്ച് അവനെയും കൊണ്ട് മണല്‍തിട്ട കടന്നു നടക്കുമ്പോള്‍ അടുത്താരോ ചിരിക്കുന്നത് കേട്ടു.

അല്‍പ്പം മാറി നാലഞ്ചു ചെറുപ്പക്കാരുടെ ഒരു സംഘം ഞങ്ങളെത്തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. ആരില്‍ നിന്നോ ഒരു ശബ്ദം ഉയര്‍ന്നുകേട്ടു.

"കണ്ടിട്ടൊരു പഴയ ബ്ലാക്ക് & വൈറ്റ് പടം പോലുണ്ട്. എന്തൊരു കോണ്‍ട്രാസ്റ്റ്."
 
മറ്റൊരുത്തന്‍ ഏറ്റു പിടിച്ചു. "അവള്‍ക്കെന്താ ഈ കരിമന്തിയെയേ കിട്ടിയുള്ളോ കൂടെക്കൊണ്ടു നടക്കാന്‍ ".

ചുറ്റും  ചിരിയുടെ അലകള്‍ തെന്നിമാറുന്നതനുസരിച്ചു മഹേഷിന്റെ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകി. എന്‍റെ കൈകളില്‍ മഹേഷിന്റെ ശരീരം വഴങ്ങാതെയായി. കൂടിക്കൂടിവരുന്ന കിതപ്പില്‍ അവന്റെ ശിരസ്സ് ഉയര്‍ന്നു താഴ്ന്നു. പെട്ടെന്ന് വല്ലാത്തൊരു ഭാവത്തോടെ ശരീരം വെട്ടിച്ച് എന്‍റെ കൈ തട്ടി മാറ്റി മഹേഷ്‌ കുതിച്ചു.

ഞാന്‍ സ്തബ്ധത വിട്ടുണരുമ്പോഴേക്കും കടല്‍ത്തീരത്തെ മണല്‍പ്പരപ്പില്‍ കണ്ണെത്താവുന്നതിനപ്പുറത്തേക്ക് മഹേഷ്‌ ഓടി മറഞ്ഞിരുന്നു. നടന്നതെന്താണെന്നു മനസ്സിലാകുമ്പോഴേക്കും വിളികേള്‍ക്കാന്‍ പോലും നില്‍ക്കാതെ മഹേഷ്‌ അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു.

അന്നായിരുന്നു മഹേഷിനെ ഞാന്‍ അവസാനമായി കണ്ടത്‌. താമസിച്ചിരുന്ന മുറിയില്‍ പിന്നീടവന്‍ എത്തിയില്ല. അടുത്ത താമസക്കാരാരും മഹേഷിനെ കണ്ടിട്ടുമില്ല. എവിടെയാണ് പോയതെന്ന് യാതൊരു തിട്ടവുമില്ല. അന്വേഷിക്കാന്‍ മഹേഷിന് വേറെ സുഹൃത്തുക്കളില്ല. ഞാനൊരു പെണ്ണ് മാത്രം. എങ്കിലും ഞാന്‍ വെറുതെയിരിക്കാന്‍ മുതിര്‍ന്നില്ല.

പോലീസില്‍ പരാതിപ്പെട്ടു. പത്രങ്ങളില്‍ അറിയിപ്പ് നല്‍കി. ഒന്നിനും ഒരിടത്തുനിന്നും പ്രതികരണങ്ങളുണ്ടായില്ല. ഓര്‍ത്തോര്‍ത്ത് ശരിയ്ക്കൊന്നു കരയാന്‍ പോലുമാകുന്നില്ലെന്നു മനസ്സിലായപ്പോള്‍ എനിക്ക് എന്നെത്തന്നെ സംശയമായി. ഞാന്‍ മഹേഷിനെ സ്നേഹിച്ചിരുന്നോ? ഞാന്‍ കറുപ്പിനെ സ്നേഹിച്ചിരുന്നോ?

ഉത്തരങ്ങളെന്തൊക്കെയായാലും പിന്നീട് പ്രഭാത പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളിലെ അനാഥപ്രേതങ്ങളുടെ അടയാളങ്ങളില്‍ എണ്ണക്കറുപ്പുള്ള ഒരു ശരീരമുണ്ടോ എന്ന് തിരയുക എന്‍റെ ദിനചര്യയായി

(1995 ല്‍ എഴുതി ഷൊര്‍ണൂര്‍ ഐ.പി.ടി & ജി.പി.ടി.യുടെ 1995-96 വര്‍ഷത്തെ വാര്‍ഷിക മാഗസിന്‍ - 'ജ്വാല'യില്‍ പ്രസിദ്ധീകരിച്ച കഥ)     

Comments

Harijith P said…
ഈ വര്‍ഷത്തെ മാതൃഭൂമി ഓണപ്പതിപ്പ് കണ്ടു ഹരം കയറി, അലമാരയിലെ പഴയ കടലാസുകളില്‍ നിന്ന് തപ്പിയെടുത്ത 16 വര്‍ഷം പഴക്കമുള്ള ഒരു സൃഷ്ടി.

Popular posts from this blog

ദേശീയ പെന്‍ഷന്‍ പദ്ധതി: ഒരു പഠനം

അരിക്കൊമ്പൻ - ഒരു കവിത