ദേശീയ പെന്‍ഷന്‍ പദ്ധതി: ഒരു പഠനം

കേരളത്തില്‍ 2013 ഏപ്രില്‍ 1 മുതല്‍ ദേശീയ പെന്‍ഷന്‍ പദ്ധതി (National Pension Scheme) പ്രാബല്യത്തില്‍ വരുത്താനും അതിനുശേഷം സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് അത് ബാധകമാക്കാനും തീരുമാനിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് (സ.ഉ.നം.20/2013/ധനകാര്യം തിയതി.07/01/2013).  ഈ സാഹചര്യത്തില്‍ ഈ  പെന്‍ഷന്‍ പദ്ധതിക്കുറിച്ച് വസ്തു നിഷ്ടമായ ഒരു പഠനമാണ് ഈ ലേഖനം നിര്‍വഹിക്കുന്നത്.


1. എന്താണ് ദേശീയ പെന്‍ഷന്‍ പദ്ധതി?

സുസ്ഥിരവും കാര്യക്ഷമവുമായ ഒരു പങ്കാളിത്ത പെന്‍ഷന്‍ (Contributory Pension) സമ്പ്രദായമായാണ് ദേശീയ പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഇവയാണ്.
  • വാര്‍ധക്യകാല വരുമാനം നല്‍കുക. 
  • ഓഹരി വിപണിയെ അടിസ്ഥാനമാക്കി യുക്തിയുക്തമായ ദീര്‍ഘ കാല വരുമാനം.
  • എല്ലാ പൌരന്മാരെയും വാര്‍ധക്യകാലസുരക്ഷയുടെ പരിധിയില്‍ കൊണ്ടുവരിക.
അടിസ്ഥാന പദ്ധതി എല്ലാ പൌരന്മാര്‍ക്കും വേണ്ടിയുള്ളതാണ്. സര്‍ക്കാര്‍ ജീവനക്കാക്കുള്ള  പദ്ധതിക്ക് അടിസ്ഥാന പദ്ധതിയില്‍ നിന്ന് നേരിയ വ്യത്യാസങ്ങള്‍ ഉണ്ട്.

2. ദേശീയ പെന്‍ഷന്‍ പദ്ധതി എങ്ങിനെ പ്രവര്‍ത്തിക്കുന്നു?

ഈ പദ്ധതിയുടെ സാമാന്യമായ പ്രവര്‍ത്തനം ഇങ്ങനെയാണ്‌. 
  1. വരിക്കാര്‍ക്ക് ഒരു വ്യക്തിഗത പെന്‍ഷന്‍ അക്കൌണ്ട് ഉണ്ടായിരിക്കും.
  2. ഇതിലേക്ക് നിര്‍വചിച്ചിട്ടുള്ള തവണകളായി വരിക്കാരന്‍ തുക നിക്ഷേപിക്കുന്നു. 
  3. തൊഴിലുടമ ഉണ്ടെങ്കില്‍ തൊഴിലുടമയ്ക്ക് സ്വന്തം വിഹിതം കൂടി ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. 
  4. ഈ നിക്ഷേപം പിന്‍വലിക്കാവുന്നതല്ല. 
  5. ഈ തുക പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാര്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നു.
  6. വിരമിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായം എത്തുമ്പോള്‍ അക്കൌണ്ടിലുള്ള തുകയുടെ ഒരു ഭാഗം വരിക്കാരന് മൊത്തമായി നല്‍കുന്നു.
  7. ശേഷിച്ച ഭാഗം ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈഫ് ആനുവിറ്റി പ്ലാനിലേക്ക് നിര്‍ബന്ധമായും നിക്ഷേപിക്കപ്പെടുന്നു.
  8. ആ ലൈഫ്  ആനുവിറ്റി പ്ലാനിലെ വ്യവസ്ഥകള്‍ പ്രകാരം വരിക്കാരന് പെന്‍ഷന്‍  ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നല്‍കപ്പെടുന്നു.
3.അടിസ്ഥാന പെന്‍ഷന്‍ പദ്ധതി

2009 ഏപ്രില്‍ 1 മുതല്‍ ഭാരതത്തിലെ പൌരന്മാര്‍ക്ക് ഈ പദ്ധതി ലഭ്യമാണ്. 18 വയസ് പൂര്‍ത്തിയായ, 60 വയസ് കഴിയാത്ത പൌരന്മാര്‍ക്ക് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഈ പദ്ധതിയില്‍നിന്ന് സ്വാഭാവികമായി പുറത്താകുന്നു.

ഈ പദ്ധതിയില്‍ ചേരുന്ന ഒരാള്‍ക്ക് വരിക്കാര്‍ക്ക് 'പ്രാണ്‍' എന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (PRAN: Permanent Retirement Account Number) നല്‍കും. ഈ നമ്പരുമായി ബന്ധപ്പെട്ട രണ്ടു വ്യക്തിഗത അക്കൌണ്ടുകള്‍ ഉണ്ടായിരിക്കും.

1. പെന്‍ഷന്‍ അക്കൌണ്ട്
2. സമ്പാദ്യ അക്കൌണ്ട്.

ഇതില്‍ പെന്‍ഷന്‍ അക്കൌണ്ട് നിര്‍ബന്ധമാണ്‌. സമ്പാദ്യ അക്കൌണ്ട് ആവശ്യമാണെങ്കില്‍ മാത്രം തുറന്നാല്‍ മതിയാകും.

3.1. പെന്‍ഷന്‍ അക്കൌണ്ട്

ഈ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവാദമില്ല. ഇതിലെ നിക്ഷേപങ്ങള്‍ റിട്ടയര്‍ മെന്റിലേക്കുള്ള സമ്പാദ്യമാണ്.

ഈ അക്കൌണ്ടിലേക്കു പണം നിക്ഷേപിക്കുന്നതിന്റെ നിബന്ധനകള്‍ ഇവയാണ്.
  • വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായും പണം നിക്ഷേപിക്കണം
  • ഒരു വര്‍ഷത്തെ നിക്ഷേപം ആറായിരം രൂപയില്‍ കുറയാന്‍ പാടില്ല.
  • ഒരു തവണ നിക്ഷേപം അഞ്ഞൂറ് രൂപയില്‍ കുറയാന്‍ പാടില്ല.
ഈ തുക പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാര്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നു. ഫണ്ട് മാനേജരെയും പണം നിക്ഷേപിക്കണ്ട രീതിയും വരിക്കാരന് തീരുമാനിക്കാവുന്നതാണ്.

നിലവിലുള്ള പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ഇവരാണ്.
  1. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ്.
  2. ഐ.ഡി.എഫ്.സി. പെന്‍ഷന്‍ ഫണ്ട്‌ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ്.
  3. കൊടക് മഹിന്ദ്ര  പെന്‍ഷന്‍ ഫണ്ട്‌ ലിമിറ്റഡ്.
  4. റിലയന്‍സ് ക്യാപിറ്റല്‍ പെന്‍ഷന്‍ ഫണ്ട്‌ ലിമിറ്റഡ്.
  5. എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌ പ്രൈവറ്റ് ലിമിറ്റഡ്.
  6. യു.ടി.ഐ. റിട്ടയര്‍മെന്റ് സോലുഷന്‍സ് ലിമിറ്റഡ്.
ഫണ്ട് എങ്ങനെ നിക്ഷേപിക്കണം എന്ന് വരിക്കാരന് സ്വയം തീരുമാനിക്കുകയോ നിര്‍വചിച്ചിട്ടുള്ള രീതിയില്‍ (പ്രായത്തിനനുസരിച്ച് ശ്രേണി സ്വയം മാറുന്നത്) നിക്ഷേപിക്കാന്‍ ഫണ്ട് മാനേജരെ ഏല്‍പ്പിക്കുകയോ ചെയ്യാം.

3.2. സമ്പാദ്യ അക്കൌണ്ട്

ഇത് ഒരു സാധാരണ സമ്പാദ്യ അക്കൌണ്ടാണ്. ഇതില്‍ നിന്ന് ഇഷ്ടാനുസരണം പണം പിന്‍വലിക്കാന്‍ സാധിക്കും.

ഈ അക്കൌണ്ടിലേക്കു പണം നിക്ഷേപിക്കുന്നതിന്റെ നിബന്ധനകള്‍ ഇവയാണ്.
  • അക്കൌണ്ട് തുറക്കാനുള്ള കുറഞ്ഞ തുക ആയിരം രൂപയാണ്
  • വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായും പണം നിക്ഷേപിക്കണം
  • ഒരു തവണ നിക്ഷേപം ഇരുനൂറ്റി അമ്പതു രൂപയില്‍ കുറയാന്‍ പാടില്ല.
  • സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കുറഞ്ഞത് രണ്ടായിരം രൂപ അക്കൌണ്ടില്‍ ഉണ്ടായിരിക്കണം
  • അക്കൌണ്ടില്‍ കുറഞ്ഞ തുക ഇല്ലെങ്കിലും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിക്ഷേപം നടത്തിയില്ലെങ്കിലും നൂറു രൂപ പിഴ ഈടാക്കുന്നതാണ്.
3.3. സേവനങ്ങള്‍ക്കുള്ള കൂലി  

പുതിയ പെന്‍ഷന്‍ പദ്ധതിയിലുള്ള സേവനങ്ങള്‍ക്ക് കൂലി നല്‍കേണ്ടതാണ്. വിവിധ സേവനങ്ങള്‍ക്കുള്ള പ്രഖ്യാപിത പരമാവധി കൂലി നിരക്കുകള്‍* താഴെക്കൊടുക്കുന്നു.
  1. അക്കൌണ്ട് തുറക്കുന്നതിന്  ആകെ 90 രൂപ.
  2. അക്കൌണ്ട് നിലനിര്‍ത്തുന്നതിന് പ്രതിവര്‍ഷം 250 രൂപ വീതം.. 
  3. ഓരോ  ഇടപാടിനും ആകെ 4 മുതല്‍ 24 രൂപ വരെ വീതം.
  4. ആസ്തി കൈകാര്യം ചെയ്യുന്നതിന് പ്രതിവര്‍ഷം ആസ്തിയുടെ 0.0075% മുതല്‍ 0.05% വരെ.
  5. പെന്‍ഷന്‍ ഫണ്ട് നിക്ഷേപം കൈകാര്യം ചെയ്യുന്നതിന്  പ്രതിവര്‍ഷം ആസ്തിയുടെ 0.0009%.
(* ഈ കൂലി നിരക്കുകള്‍ മാറ്റത്തിന് വിധേയമാണ്. കൃത്യമായ നിരക്കുകള്‍ക്കും മറ്റു വിശദാംശങ്ങള്‍ക്കും ഔദ്യോഗിക രേഖ പരിശോധിക്കുക.)

ഈ നിരക്കുകള്‍ക്ക് സേവന നികുതി അടക്കം, ബന്ധപ്പെട്ട നികുതികള്‍ പുറമേ ബാധകമാണ്.

3.4. പണം തിരികെ ലഭിക്കുന്നതെങ്ങനെ?

പെന്‍ഷന്‍ അക്കൌണ്ടിലെ പണം തിരികെ ലഭിക്കുന്നത് മൂന്നു വ്യത്യസ്ഥ സാഹചര്യങ്ങളിലാണ്.
  • സ്വാഭാവിക കാലാവധി, അതായത് 60 വയസിനു മുമ്പ് പിന്‍വലിച്ചാല്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 80% തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായി മാറ്റപ്പെടുന്നു. ശേഷിച്ച 20% തുക വരിക്കാരന് മൊത്തമായി നല്‍കുന്നു.
  • സ്വാഭാവിക കാലാവധി, അതായത് 60 വയസ് പൂര്‍ത്തിയായി 70 വയസു വരെയുള്ള കാലയളവില്‍ പിന്‍വലിച്ചാല്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 40% തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായി മാറ്റപ്പെടുന്നു. ശേഷിച്ച 60% തുക വരിക്കാരന് നല്‍കുന്നു. ലൈഫ് ആനുവിറ്റി പ്ലാനിലേക്ക് 40% ലും കൂടുതല്‍ തുക നിക്ഷേപിക്കുന്നതിനും ശേഷിച്ച തുക മൊത്തമായോ 60 വയസിനും 70 വയസിനും ഇടക്കുള്ള കാലയളവില്‍ ഘട്ടം ഘട്ടമായോ പിന്‍വലിക്കുന്നതിനു വരിക്കാരന് സ്വാതന്ത്ര്യം ഉണ്ട്.
  • വരിക്കാരന്റെ മരണം സംഭവിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും മൊത്തമായി വരിക്കാരന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആള്‍ക്ക് നല്‍കുന്നതാണ്.
3.5. പെന്‍ഷന്‍

പെന്‍ഷന്‍ ലഭിക്കുന്ന തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ തുക തീരുമാനിക്കുന്നത് ലൈഫ് ആനുവിറ്റി പ്ലാന്‍ നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനിയാണ്. വരിക്കാരന്‍ തിരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ആവശ്യമെങ്കില്‍ കാലശേഷം ജീവിതപങ്കാളിക്ക് പെന്‍ഷന്‍ ലഭിക്കത്തക്ക പ്ലാന്‍ അയാള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

4. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി

സായുധ സേനയിലൊഴികെ കേന്ദ്ര സര്‍വീസില്‍ 01.01.2004 മുതല്‍ പുതുതായി നിയമനം ലഭിച്ച എല്ലാവര്‍ക്കും പുതിയ പെന്‍ഷന്‍ പദ്ധതി ബാധകമാണ്. 28 സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാരുകള്‍ പുതിയ നിയമനങ്ങള്‍ക്ക് ഈ പദ്ധതി ബാധകമാക്കിയിട്ടുണ്ട്.

4.1. പെന്‍ഷന്‍ അക്കൌണ്ട്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും (Basic Pay) ക്ഷാമബത്തക്ക് അര്‍ഹമായ മറ്റ് ശമ്പളത്തിന്റെയും (Special Pay, Dearness Pay, Grade Pay etc.. ) ക്ഷാമബത്തയുടെയും (Dearness Allowance) 10% തുക പ്രതിമാസം ജീവനക്കാരന്റെ വിഹിതമായും തത്തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ജീവനക്കാരുടെ അക്കൌണ്ടിലേക്ക് നിക്ഷേപിക്കും. ശമ്പളത്തിന്റെയും ക്ഷാമാബത്തയുടെയും കുടിശ്ശിക ലഭിക്കുമ്പോഴും പെന്‍ഷന്‍ അക്കൌണ്ടിലേക്ക് വിഹിതം നിക്ഷേപിക്കേണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവരുടെ നിക്ഷേപങ്ങള്‍ക്ക് തത്തുല്യ സര്‍ക്കാര്‍ വിഹിതം നല്‍കുന്നതല്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ഇവരാണ്.
  1. എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട്‌ ലിമിറ്റഡ്.
  2. എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌ പ്രൈവറ്റ് ലിമിറ്റഡ്.
  3. യു.ടി.ഐ. റിട്ടയര്‍മെന്റ് സോലുഷന്‍സ് ലിമിറ്റഡ്.
പെന്‍ഷന്‍ ഫണ്ട്‌ റെഗുലേറ്ററി അതോറിറ്റി (PFRDA) നിര്‍ദ്ദേശിക്കുന്ന പ്രകാരം ഫണ്ട് നിക്ഷേപിക്കും.

പുതിയ പെന്‍ഷന്‍ പദ്ധതി ബാധകമായ ജീവനക്കാര്‍ക്ക് ജനറല്‍ പ്രോവിഡന്റ് ഫണ്ട് (GPF) ബാധകമല്ല.

4.2. സമ്പാദ്യ അക്കൌണ്ട്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനറല്‍ പ്രോവിഡന്റ് ഫണ്ട് അക്കൌണ്ടിനു തുല്യമായ രീതിയില്‍ ഈ അക്കൌണ്ട് ഉപയോഗിക്കാവുന്നതാണ്‌.

4.3. പണം തിരികെ ലഭിക്കുന്നതെങ്ങനെ?

പെന്‍ഷന്‍ അക്കൌണ്ടിലെ പണം തിരികെ ലഭിക്കുന്നത് മൂന്നു വ്യത്യസ്ഥ സാഹചര്യങ്ങളിലാണ്. ജീവനക്കാരന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതോട് കൂടി പെന്‍ഷന്‍ സമ്പാദ്യ പദ്ധതിയില്‍ നിന്ന് സ്വാഭാവികമായും പുറത്താകുന്നു.
  •  പെന്‍ഷന്‍ പ്രായം എത്തുന്നതിനു മുമ്പ് പിന്‍വലിച്ചാല്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 80% തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായി മാറ്റപ്പെടുന്നു. ശേഷിച്ച 20% തുക വരിക്കാരന് മൊത്തമായി നല്‍കുന്നു.
  • പെന്‍ഷന്‍ പ്രായം എത്തി വിരമിക്കുമ്പോള്‍ മുഴുവന്‍ സമ്പാദ്യത്തിന്റെ 40% തുക ലൈഫ് ആനുവിറ്റി പ്ലാനിലേക്കുള്ള നിര്‍ബന്ധിത നിക്ഷേപമായി മാറ്റപ്പെടുന്നു. ശേഷിച്ച 60% തുക വരിക്കാരന് നല്‍കുന്നു.
  • വരിക്കാരന്റെ മരണം സംഭവിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും മൊത്തമായി വരിക്കാരന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആള്‍ക്ക് നല്‍കുന്നതാണ്.
4.4. പെന്‍ഷന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ കാലശേഷം അര്‍ഹരായ ആശ്രിതര്‍ക്ക് (വിരമിക്കുന്ന സമയത്തെ ഭാര്യ/ ഭര്‍ത്താവ് / ആശ്രിതരായ മാതാപിതാക്കള്‍) ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്ന വിധത്തിലുള്ള ലൈഫ് ആനുവിറ്റി പ്ലാന്‍ നിര്‍ബന്ധമായും നല്‍കുന്നതാണ്.


5. മറ്റ് സ്ഥാപനങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി

ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങള്‍ താഴെപറയുന്നവയാണ്‌.
  1. കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങള്‍ 
  2. സഹകരണ നിയമങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന  സ്ഥാപനങ്ങള്‍ 
  3. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ 
  4. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ 
  5. രജിസ്റ്റര്‍ ചെയ്ത പാര്‍ട്ണര്‍ഷിപ്‌ സ്ഥാപനങ്ങള്‍ 
  6. രജിസ്റ്റര്‍ ചെയ്ത ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്‌ സ്ഥാപനങ്ങള്‍ 
  7. കേന്ദ്ര,  സംസ്ഥാന നിയമപ്രകാരമോ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് പ്രകാരമോ നിലവില്‍ വന്ന സ്ഥാപനങ്ങള്‍. സര്‍വകലാശാലകള്‍ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
  8. പ്രോപ്രൈറ്റര്‍ഷിപ്‌ സ്ഥാപനങ്ങള്‍.
  9. ട്രസ്റ്റ്‌ /സൊസൈറ്റി 
ഇത്തരം സ്ഥാപനങ്ങള്‍ക്ക് രണ്ടു തരത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടാം
  1. ജീവനക്കാര്‍ക്ക് വ്യക്തിപരമായി സ്വയം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നത്: ഇതില്‍ ഓരോ ജീവനക്കാരനും പൊതുജനങ്ങള്‍ക്ക്‌ ബാധകമായ ആറ് ഫണ്ട് മാനേജര്‍മാരില്‍ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. 
  2. എല്ലാ ജീവനക്കാര്‍ക്കും മൊത്തത്തില്‍ ബാധകമായത്:  ഇതില്‍ എല്ലാ ജീവനക്കാര്‍ക്കും പൊതുവായ പദ്ധതി സ്ഥാപനം തീരുമാനിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പദ്ധതിയോ പൊതുജനങ്ങള്‍ക്ക്‌ ബാധകമായ പദ്ധതിയോ ഏതെങ്കിലും ഒന്ന് സ്ഥാപനത്തിന്  തിരഞ്ഞെടുക്കാം. 
5. ഉപസംഹാരം 

ഭാരതത്തിലെ എല്ലാ പെന്‍ഷന്‍ പദ്ധതികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ദേശീയ പെന്‍ഷന്‍ പദ്ധതി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ  മേഖലയിലും ഒരേ തരത്തിലുള്ള പെന്‍ഷന്‍ സമ്പ്രദായം ഇതോടെ പ്രാബല്യത്തില്‍ വരുന്നു. ഭാരതത്തിലെ നിലവിലുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളുടെ സമഗ്രമായ പൊളിച്ചെഴുത്തലിന് ഇവിടെ തുടക്കമാകും.

(12/08/2012)
(Revised on 16/08/2012)
(Revised on 18/01/2013)

Comments

Popular posts from this blog

നിറങ്ങള്‍

അരിക്കൊമ്പൻ - ഒരു കവിത