അരിക്കൊമ്പൻ - ഒരു കവിത

ഞായറാഴ്ച സ്പെഷ്യൽ ചിക്കൻ ബിരിയാണി ആസ്വദിച്ചു തിന്ന് ഏമ്പക്കം വിട്ടു ചാരു കസേരയിൽ ഒന്നു കണ്ണടച്ചപ്പോഴാണ് ഭാര്യയും മക്കളും കൂട്ടുകാരുമായി തന്റെ തട്ടകത്തിൽ ജീവിച്ചു വന്ന പാവം അരിക്കൊമ്പനോട് മനുഷ്യൻ കാണിച്ച സമാനതകളില്ലാത്ത ക്രൂരതയെക്കുറിച്ച് ഓർത്തത്.

ക്രൂരമായ അഞ്ചു മയക്കുവെടികൾ...

എന്നന്നേക്കുമായി കഴുത്തിൽ ഒരു റേഡിയോ കോളർ....

കുലം കുത്തികളായ കുങ്കിയാനകൾ ശരീരത്തിലും മനസ്സിലും തീർത്ത ഉണങ്ങാത്ത മുറിവുകൾ....

അറിയാത്ത ദേശത്തേക്കുള്ള ക്രൂരമായ നാടുകടത്തൽ...

കരളലിയിപ്പിക്കുന്ന ഒരു കവിത എഴുതിയാൽ അത് പൊളിക്കും.

പേനയെടുത്തു...

അന്നേരമാണ് ഇതൊന്നു വായിച്ചു നോക്കി തിരുത്തി തരൂ എന്ന് പറഞ്ഞ് മകൻ ഒരു കടലാസ് കൊണ്ടു വന്നത്.  

ചിക്കൻ ബിരിയാണിയിലേക്കായി ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന ഒരു പൂവൻ കോഴിയുടെ കുടുംബത്തിന്റെ വിലാപകാവ്യം. 

ഭർത്താവ് നഷ്ടപ്പെട്ട പിടക്കോഴിയുടെ നിലവിളി...

അച്ഛൻ നഷ്ടപ്പെട്ട കോഴിക്കുഞ്ഞുങ്ങളുടെ ദൈന്യത നിറഞ്ഞ കണ്ണുകൾ..

അറിയാതെ കൈ മണത്തു പോയി.
ആ മണം പോയിട്ടില്ല.

ഹോ.. 

കവിത എഴുതാനുള്ള ആ മൂഡ് അങ്ങു പോയി....

Comments

Popular posts from this blog

നിറങ്ങള്‍

ദേശീയ പെന്‍ഷന്‍ പദ്ധതി: ഒരു പഠനം