വറുതി

ഉമിനീര്‍ വറ്റി
തൊണ്ട വരണ്ട്  
ദാഹം കീഴ്പ്പെടുത്തുമ്പോള്‍ മാത്രം
ചിതലരിച്ച കുടവുമായി
ജീവജലം തേടി
നമുക്ക്  പ്രയാണം തുടങ്ങാം.

ആഴങ്ങളിലേക്ക് വളര്‍ന്നിട്ടും 
ഉറവകളുടെ വേരിറങ്ങാത്ത
കിണറുകളുടെ ഇരുണ്ട, വിണ്ടുകീറിയ   
അടിത്തട്ടിലെ തിളക്കങ്ങളിലേക്ക്
പ്രതീക്ഷയോടെ ഉറ്റുനോക്കി
നമുക്ക്  നെടുവീര്‍പ്പിടാം.

പുതിയ കാലത്ത്
നമുക്ക് വേണ്ടാതായ,
മാലിന്യങ്ങളെറിഞ്ഞ്  നാം
നികത്തിയെടുത്ത കുളങ്ങളുടെ
കുഴിമാടങ്ങള്‍ക്ക് മുകളിലിരുന്ന്
നമുക്ക്  നെടുവീര്‍പ്പിടാം.

മണല്‍ നഷ്ടപ്പെട്ട്, 
ഉറവിടങ്ങള്‍ നഷ്ടപ്പെട്ട്,
മരിച്ച നദികളുടെ
ചീഞ്ഞളിഞ്ഞ ജഡത്തെയോര്‍ത്ത്
നമ്മുടെ കൊട്ടാരങ്ങളിലിരുന്ന്
നമുക്ക്  നെടുവീര്‍പ്പിടാം.

ഒടുക്കം...

പ്രകൃതിയുടെ
രക്തവും മാംസവും
വിറ്റുകിട്ടിയ പണത്തിനു 
മീതെ കിടന്ന്
നാവു നനയ്കാനാവാതെ
നമുക്ക് ജഡമാകാം .

(20/02/2013)

Comments

Popular posts from this blog

നിറങ്ങള്‍

ദേശീയ പെന്‍ഷന്‍ പദ്ധതി: ഒരു പഠനം

അരിക്കൊമ്പൻ - ഒരു കവിത