ഒരു ഛായാഗ്രാഹകന്റെ മനോഗതങ്ങള്‍

ഒരു നിമിഷം.
ഞാന്‍ എന്റെ മൊബൈല്‍ ക്യാമറ ഒന്ന് ഓണ്‍ ചെയ്യട്ടെ.

ഇതൊക്കെ അപൂര്‍വ ദൃശ്യങ്ങളാണ്.
ഇപ്പോള്‍ ഇവിടെ എത്താന്‍ കഴിഞ്ഞത് ഭാഗ്യം.
അല്ലെങ്കില്‍ ഈ കാഴ്ചകള്‍ എനിക്ക് കാണാന്‍ പറ്റാതെ പോയേനെ.

ബസ്സ്‌ വെള്ളത്തില്‍ വീണിട്ട് അധികനേരമായിട്ടില്ല.
കുറേപ്പേര്‍ വെള്ളത്തിനു മുകളിലേക്ക് പൊങ്ങി വരുന്നുണ്ട്.
അവരുടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൈകളിലേക്ക് ഒന്ന് ഫോക്കസ് ചെയ്തുനോക്കാം.

കൊള്ളാം... നല്ല ദൃശ്യം.



ചുറ്റും ആളുകള്‍ തിക്കിത്തിരക്കുന്നു.
കുറെപ്പേര്‍ വെള്ളത്തിലേക്ക് എടുത്തു ചാടുന്നു.

ശ്ശെ...
അവര്‍ക്കൊരു സൂചന തന്നിട്ട് ചാടാമായിരുന്നു.
ആ ചാട്ടം എടുക്കാന്‍ പറ്റിയില്ല.

ഇപ്പോള്‍ വള്ളത്തില്‍ കുറേപ്പേര്‍ അടുത്തുവരുന്നുണ്ട്.
ഓരോരുത്തരെ കോരിയെടുത്ത് കരക്കെത്തിക്കുന്നു
ആംബുലന്‍സുകളുടെ സൈറന്‍ മുഴങ്ങുന്നുണ്ട്.

ഇത്ര പെട്ടന്ന് ഈ വിവരം പരന്നോ?

ഇനി ഈ മതിലിന്റെ പുറത്ത് കയറി നിന്ന് എടുക്കാം.
ആളുകളുടെ എണ്ണം കൂടുന്നു.

ഉയരത്തില്‍ നിന്നപ്പോള്‍ എല്ലാം നന്നായി എടുക്കാന്‍ പറ്റുന്നുണ്ട്.
ആളുകളെ കോരിയെടുത്ത് കൊണ്ടു വരുന്ന ദൃശ്യങ്ങള്‍ ഈ ആംഗിളില്‍ കൊള്ളാം.
നേരത്തെ ഇവിടെ കയറി നില്‍ക്കണ്ടതായിരുന്നു.

ന്യുസ് കാമറാമാന്മാരെ ഒന്നും കാണുന്നില്ല.
എന്റെ കൈയ്യിലെ അപൂര്‍വ ദൃശ്യങ്ങള്‍ ഏതെങ്കിലും ചാനലുകാര്‍ വാങ്ങുമായിരിക്കും.
ഇല്ലെങ്കില്‍ ഞാനിതു യു-ട്യൂബില്‍ ഇടും.

ചുറ്റും ജനം നിറഞ്ഞിരിക്കുന്നു.
പോലീസും സ്ഥലത്തെത്തിയിരിക്കുന്നു.
ജനത്തിരക്ക് കാരണം ആംബുലന്‍സ് മുന്നോട്ടു പോകാന്‍ കഴിയുന്നില്ല.
ഈ പോലീസെന്തിനാ ലാത്തി വീശുന്നത്.

ഇനിയും ആളുകളെ ആറ്റില്‍ നിന്ന് എടുക്കുന്നുണ്ട്.
കുട്ടികള്‍, പുരുഷന്മാര്‍, സ്ത്രീകള്‍...
പലരും അനക്കമറ്റിറിക്കുന്നു.
പലരും വാവിട്ടു നിലവിളിക്കുന്നു.
ഇവരുടെയൊക്കെ ആരാണാവോ ഇത്..

ഇപ്പോള്‍ എടുത്തു കൊണ്ടു വരുന്ന ആള്‍ മഞ്ഞ നിറത്തിലുള്ള ചുരിദാര്‍ എനിക്ക് പരിചയം ഉള്ളതുപോലെ തോന്നുന്നു.
ഒന്ന് സൂം ചെയ്തു കാണാം...

അയ്യോ...

അത് എന്റെ മകളല്ലേ...
മോളെ.....

മാറിനെടാ പട്ടികളെ...
ഒന്ന് വേഗം.
എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കണം.

നീയൊക്കെ ഇതെന്താ കാണിക്കുന്നത്.
ഒന്ന് മാറ്.
അവന്റെയൊക്കെ ഒരു ഫോട്ടോ പിടുത്തം......

Comments

Yesodharan said…
ആരാന്റെ അമ്മക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേലാ....
കാലികപ്രസക്തിയുള്ള വിഷയം...
എവിടെയൊക്കെയോ തറഞ്ഞു കയറുന്ന സത്യങ്ങള്‍....എഴുത്ത് നന്നായിട്ടുണ്ട്...

Popular posts from this blog

നിറങ്ങള്‍

കാര്യക്ഷമമായ പൊതുഭരണവും കേരളത്തിലെ കാര്‍ഷിക വികസനവും

ബാപ്പുവിന്...